പത്തനംതിട്ട: കൂട്ടുകാർ ഇങ്ങനെയാണ്... എന്തിനും ഏതിനും ഒപ്പമുണ്ടാകും. സ്വന്തം രക്തം നല്‍കിയും കൂടെ നില്‍ക്കും. അങ്ങനെയൊരു കൂട്ടുകാരന്‍റെ കഥയാണിത്. കഥ മാത്രമല്ല, കഥയ്ക്ക് പിന്നില്‍ ഒരു കടയുമുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂർ നഗരത്തില്‍ വീടിനോട് ചേർന്ന് വിനീത് എന്ന ചെറുപ്പക്കാരൻ ഒരു ജ്യൂസ് കട തുടങ്ങിയപ്പോൾ അതിന് ഇട്ട പേര് 'കൂട്ടുകാരന്‍റെ കട' എന്നാണ്. വെറുതെ ഒരു പേരല്ല അത്.
കടയിലെ എല്ലാ ടേബിളുകളിലും മെനു കാർഡിനൊപ്പം ഒരു ബുക്ക് കൂടിയുണ്ടാകും. കടയിൽ എത്തുന്നവരോട് വിനീത് രക്‌തദാനത്തിന്‍റെ പ്രാധാന്യം ചുരുക്കി പറയും. രക്തദാനത്തിന് തയ്യാറാണെങ്കിൽ ബ്ലഡ് ഗ്രൂപ്പും ഫോൺ നമ്പറും ഉൾപ്പെടെ വിവരങ്ങൾ ആ ബുക്കില്‍ എഴുതാൻ പറയും. രക്തദാനത്തിന്‍റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശങ്ങളാണ് കടയുടെ എല്ലാ ഭാഗങ്ങളിലും നിറയുന്നത്.
അപൂർവ്വ രക്ത ഗ്രൂപ്പുകൾ ഉൾപ്പെടെ വിനീതിന്‍റെ ബ്ലഡ് ബാങ്കിലുണ്ട്. എവിടെ നിന്ന് വിളിയെത്തിയാലും, ഏതു സമയവും രക്ത ദാനത്തിന് തയ്യാറായി നിൽക്കുന്ന നൂറു കണക്കിന് കൂട്ടുകാരാണ് വിനീതിന്റെ പിന്തുണ. രക്തം നല്‍കാൻ സന്നദ്ധരായ എണ്ണായിരത്തോളം പേരുകളുണ്ട് വിനീതിന്‍റെ ബുക്കില്‍.
കടയിലെത്തി രക്തദാനത്തിന് സമ്മതമറിയിക്കുന്നവർക്ക് ജ്യൂസ് സൗജന്യം. പതിനെട്ടാമത്തെ വയസിൽ ആരംഭിച്ചതാണ് വിനീതിന്‍റെ രക്തദാനം. ഇനിയും തുടരും. രക്തം ആവശ്യപ്പെട്ടെത്തുന്ന ഓരോ വിളിയിലും നിറയുന്ന ജീവന്‍റെ സ്‌പന്ദനം വിനീത് തിരിച്ചറിയുന്നുണ്ട്. ഒപ്പം രക്തം നൽകി കൂടെ നിൽക്കുന്ന കൂട്ടുകാരും. ഈ രക്തബന്ധത്തിന്‍റെ പേരാണ് 'കൂട്ടുകാരന്‍റെ കട'.