പത്തനംതിട്ട : തിരുവല്ലയിൽ നിന്ന് ബിഹാറിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്കായി യാത്ര പുറപ്പെടാനിരുന്ന പ്രത്യേക തീവണ്ടി റദ്ദാക്കി. തിരുവല്ല സ്റ്റേഷനിൽ നിന്നും ബിഹാറിലെ ബേദിയയിലേക്ക് ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടാനിരുന്ന തീവണ്ടിയാണ് യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് തിരുവല്ലയിൽ നിന്നുള്ള യാത്ര റദ്ദ് ചെയ്ത് ആലപ്പുഴയിൽ നിന്നാക്കിയത്.
പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ബിഹാറിലേക്ക് മടങ്ങാനിരുന്ന 1500 തൊഴിലാളികളാണ് ശനിയാഴ്ചത്തെ തീവണ്ടിയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ആലപ്പുഴയിൽ നിന്നുള്ള ട്രെയിനിൽ തിരുവല്ലയിൽ ബുക്ക് ചെയ്തവർക്ക് യാത്രാ അനുമതിയും ലഭിച്ചില്ല.
ബിഹാർ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചാണ് സ്റ്റേഷൻ സംബന്ധിച്ച മാറ്റം വരുത്തിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവല്ലയിൽ നിന്നുള്ള ട്രെയിനിൽ യാത്ര പുറപ്പെടാനിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ യാത്ര മുടങ്ങിയതറിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ പത്തനംതിട്ട , പുല്ലാട്, ഏനാത്ത് എന്നിവിടങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.