പത്തനംതിട്ട : തിരുവല്ല പരുമല നാക്കടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. നാക്കട ആശാരിപ്പറമ്പില്‍ കൃഷ്‌ണന്‍ കുട്ടി (80), ഭാര്യ ശാരദ (75) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന മകന്‍ അനില്‍ കുമാറിനെ (50) പുളിക്കീഴ് പൊലീസ് കസ്റ്റിഡിയിൽ എടുത്തു.
ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. കുടംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
അനില്‍ കുമാറും മാതാപിതാക്കളുമായി വഴക്ക് പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മാതാപിതാക്കൾ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് സഹോദരന്‍റെ വീട്ടിലാണ് അനില്‍ കുമാര്‍ താമസിച്ചിരുന്നത്. ഇന്ന് രാവിലെ വീട്ടിലേക്ക് കയറിച്ചെന്ന അനില്‍ മാതാപിതാക്കളുമായി വഴക്കിടുകയും അടുക്കളയില്‍ നിന്ന് വാക്കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. ഇരുവർക്കും കഴുത്തിലുൾപ്പെടെ വെട്ടേറ്റു.
വെട്ടേറ്റ് മരിച്ച നിലയിൽ മൃതദേഹങ്ങള്‍ വീട്ടുമുറ്റത്താണ് കണ്ടത്. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി.
വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി കൊച്ചുമകൻ : തൃശൂര്‍ വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊച്ചുമകൻ പണത്തിനായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പനങ്ങാവിൽ വീട്ടിൽ അബ്‌ദുള്ള (75), ഭാര്യ ജമീല (64) എന്നിവരെയാണ് കൊച്ചുമകൻ അക്‌മൽ കൊലപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിൽപോയ പ്രതിയെ മംഗലാപുരത്ത് നിന്നും പൊലീസ് പിടികൂടിയിരുന്നു.
വൃദ്ധ ദമ്പതികൾ ഉറങ്ങി കിടക്കുന്നതിനിടെയാണ് പ്രതി ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജമീലയുടെ അറുത്തെടുത്ത തല വീട്ടിലെ കോണിപ്പടിയില്‍ വക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ജമീലയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ അക്‌മൽ കവര്‍ന്നു. തിങ്കളാഴ്‌ച രാവിലെ വീട്ടിലെത്തിയ ദമ്പതികളുടെ മകനാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്.
ലഹരിയ്‌ക്ക് അടിമയായ അക്‌മല്‍ ഇരുവരെയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഹരി മരുന്ന് വാങ്ങാനായി പണം ആവശ്യപ്പെട്ടപ്പോൾ അവർ അത് നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് അക്‌മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നുവെന്നും എന്നാല്‍ മടങ്ങിയെത്തിയ ഇയാള്‍ വീണ്ടും ലഹരി ഉപയോഗം തുടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി : ഇടുക്കി കമ്പംമെട്ടില്‍ നവജാത ശിശുവിനെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെ പൊലീസ് പിടികൂടി. നവജാത ശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന്, പ്രസവത്തോടെ കുട്ടി മരിച്ചെന്ന് ദമ്പതികൾ നാട്ടുകാരെയും പൊലീസിനെയും തെറ്റിധരിപ്പിച്ചു.
എന്നാൽ മാലതി ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും ആരോഗ്യ പ്രവര്‍ത്തകർ അറിഞ്ഞിരുന്നില്ല. പ്രസവ ശേഷം ആശുപത്രിയിലെത്തിയ മാലതിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്‍റെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Read more : നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ; ദുരഭിമാനക്കൊലയെന്ന് പൊലീസ്