പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ നിറപുത്തരി പൂജകൾക്കായി നട തുറന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് നട തുറന്ന ശേഷം നിർമാല്യദർശനവും അഭിഷേകവും മഹാഗണപതിഹോമവും നടത്തി. തുടർന്ന്, മണ്ഡപത്തിൽ പൂജ ചെയ്ത നെൽക്കതിരുകൾ കൊണ്ട് ശ്രീകോവിലിൽ പുലർച്ചെ 5.50നും 6.20നും മധ്യേ നിറപുത്തരിപൂജ നടന്നു. പൂജിച്ച നെൽക്കതിരുകൾ തന്ത്രി വിതരണം ചെയ്‌തു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ പാലാഴി ഗസ്റ്റ് ഹൗസിനടുത്ത് കൃഷി ചെയ്‌ത നെൽക്കതിരുകളാണ് പൂജക്ക് ഉപയോഗിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ നിറപുത്തരി ആഘോഷം ചടങ്ങുമാത്രമായാണ് നടത്തിയത്.
2018ലെ മഹാപ്രളയകാലത്ത് നിറപുത്തിരി പൂജകൾക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിച്ചത് പമ്പ നീന്തിക്കടന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി പ്രളയം വന്നാലും നിറപുത്തരി നിവേദ്യം മുടങ്ങരുതെന്ന തീരുമാനത്തിൽ സന്നിധാനത്ത് വിത്തുവിതച്ചത്. നാടിന്‍റെ സമൃദ്ധിയുടെ സങ്കൽപ്പവുമായി ബന്ധപ്പെട്ടാണ് നിറപുത്തരി പൂജ നടത്തുന്നത്. കൊയ്തെടുക്കുന്ന കറ്റകളിൽ നിന്നുള്ള അരിയാണ് ഈ ദിവസം നിവേദ്യത്തിന് ഉപയോഗിക്കുക.