പത്തനംതിട്ട : പള്ളിയിൽ പ്രാർഥിച്ചു കൊണ്ടിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കപ്യാരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു (Sexual Assault Inside Church). ഇടയാറന്മുള മാലക്കര വള്ളിക്കാലായിൽ വർഗീസ് തോമസ് (63) ആണ് അറസ്റ്റിലായത്. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിന് കീഴിലുള്ള പള്ളിയിൽ പ്രാർഥനയ്ക്ക് കൂട്ടുകാർക്കൊപ്പം എത്തിയപ്പോഴാണ് പള്ളിയിലെ കപ്യാരായ പ്രതിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടത് (Man arrested for assaulting girl inside church).
ഈ മാസം മൂന്നിന് രാവിലെ 9.20 ന് പള്ളിക്കുള്ളിൽ വച്ചായിരുന്നു അതിക്രമം. കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ, വൈദ്യപരിശോധന നടത്തുകയും പത്തനംതിട്ട ജെ എഫ് എം കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. പ്രതിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്‌തതിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിക്ക് കൗൺസിലിങ് നൽകുന്നതിനുള്ള നടപടി പൊലീസ് സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു (Girl assaulted inside church). കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിന് ജില്ല പൊലീസ് മേധാവി വി അജിത് നിർദേശം നൽകി.
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയില്‍ താത്‌കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ ജീവനക്കാരിയുടെ പരാതിയിൽ സുരക്ഷ ജീവനക്കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. താത്‌കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഓഗസ്‌റ്റ് പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതായി ജീവനക്കാരി പരാതിയിൽ പറയുന്നത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ യുവതി ആശുപത്രിയിലെ മുറിയില്‍ വച്ച് വസ്ത്രം മാറുന്നതിനിടെ ആണ് സംഭവം. ഈ സമയം സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷ് ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്‌ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതായും പരാതിയില്‍ പറയുന്നു. സംഭവം സുഹൃത്തായ വനിത ജീവനക്കാരിയോട് അന്ന് തന്നെ യുവതി പറഞ്ഞിരുന്നു. ഭയം മൂലം പരാതി നല്‍കാന്‍ യുവതി തയാറായില്ല. ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29 ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയില്‍ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തു. സുരേഷിനെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.