പത്തനംതിട്ട: കെഎസ്‌ആർടിസി ബസില്‍വച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന രണ്ട് കേസുകളില്‍, രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. അടൂർ പൊലീസിന്‍റേതാണ് നടപടി. കോന്നി പൊലീസ് സ്‌റ്റേഷനിലെ സിപിഒ പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷെമീര്‍ (39), ഇടുക്കി കാഞ്ചിയാര്‍ നേര്യംപാറ അറയ്ക്കല്‍ വീട്ടില്‍ എഎസ് സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ 11 മണിയോടെ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍, പറന്തലില്‍ വച്ചാണ് സതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാത്രക്കാരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ബസ് സ്‌റ്റേഷനില്‍ എത്തിച്ചു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സതീഷ് നേരത്തേ ഇക്കണോമിക്‌സ് ഒഫന്‍സ് വിങ് ഐജിയുടെ കാര്യാലയത്തിലായിരുന്നു ജോലി ചെയ്‌തിരുന്നത്. തുടര്‍ന്ന്, തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി (ട്രെയിനിങ്) ഓഫിസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായി അറ്റാച്ച് ഡ്യൂട്ടി ചെയ്‌തുവരികയായിരുന്നു.
രണ്ടാമത്തെ സംഭവം ഇന്ന് ഉച്ചയ്‌ക്ക്: പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് ഷെമീര്‍ പ്രതിയായ സംഭവം. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീര്‍ കടന്നുപിടിച്ചുവെന്നാണ് കേസ്. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്തില്‍ സ്‌പര്‍ശിച്ചുവെന്നാണ് ഷെമീറിന്‍റെ വാദം.
ഇതേ ബസില്‍ ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് സംഭവത്തിൽ ഇടപെട്ടതായും പറയുന്നു. യുവതിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് ഷെമീറിനെ അറസ്റ്റ് ചെയ്‌തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: പ്രതി റിമാൻഡില്‍: വെള്ളറടയില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ഓഗസ്റ്റ് ആറിന് റിമാന്‍ഡ് ചെയ്‌തിരുന്നു. അമ്പൂരി കാന്താരിവിള കൃഷ്‌ണ ഭവനില്‍ രതീഷിനെയാണ് (38) റിമാൻഡ് ചെയ്‌തത്. ശനിയാഴ്‌ച (ഓഗസ്റ്റ് 5) രാവിലെ 8.30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
READ MORE | കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി റിമാൻഡിൽ
മണ്ഡപത്തിന്‍കടവ് ജങ്‌ഷന്‍ മുതല്‍ പ്രതി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി കാട്ടാക്കട പൊലീസിനോട് പറഞ്ഞു. ഉപദ്രവം സഹിക്കാതെ വന്നതോടെ പെൺകുട്ടി വിവരം സഹയാത്രക്കാരെയും കണ്ടക്‌ടറെയും അറിയിക്കുകയായിരുന്നു. തുടർന്ന്, കണ്ടക്‌ടർ ഇടപെട്ട് ബസ് കാട്ടാക്കട പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിക്കുകയും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അതേസമയം, കെഎസ്ആർടിസി ബസിനുള്ളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുകയാണ്. ജൂൺ 26ന് കൊല്ലം ചടയമംഗലത്ത് ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനി ലൈംഗികാതിക്രമം നേരിട്ടിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. 49-കാരനായ തിരുവല്ല സ്വദേശിയായ സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ആയൂരിൽ നിന്ന് ബസിൽ കയറിയ പ്രതി പെൺകുട്ടി ഇരുന്ന സീറ്റിന് സമീപമെത്തി മോശമായി പെരുമാറുകയായിരുന്നു. ചടയമംഗലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.