പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യു സംവിധാനം നടപ്പിലാക്കി. പൊലീസിന്‍റെ പുതിയ കർമ്മ പദ്ധതി പ്രകാരമാണ് നടപടി. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യു സംവിധാനം.
ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ഡിസംബർ 15ന് ചേർന്ന യോഗത്തിൽ പ്രത്യേക ക്യൂ സജ്ജീകരിക്കുന്നതിനും ഭക്തരുടെ യാത്രക്ലേശങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തിയിരുന്നു. കുട്ടികൾക്കും പ്രായമായ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ സൗകര്യം ഉറപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചത്.
പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് ഓരോ ദിവസവും ദര്‍ശനത്തിനായി ശബരിമലയിലേക്ക് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുമ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായുള്ള ദീര്‍ഘനേരത്തെ ക്യൂ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനുവേണ്ട ബദല്‍ സംവിധാനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കും. കൂട്ടം തെറ്റി പോകുമെന്ന ആശങ്ക കൂടി കണക്കിലെടുത്തുള്ള തയാറെടുപ്പുകളായിരിക്കും നടത്തുക എന്നും മന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ദര്‍ശനത്തിനെത്തേണ്ട ഭക്തരുടെ എണ്ണം വെര്‍ച്വല്‍ ക്യൂ വഴി 90,000 എന്ന നിലയിലേക്ക് നിയന്ത്രിക്കും. മാത്രമല്ല, ക്യൂ കോംപ്ലക്‌സ്, ഫ്‌ളൈഓവര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. വരി നില്‍ക്കുന്ന ഭക്തര്‍ക്ക് ആഹാരം, വെള്ളം, മതിയായ ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും. ഇതിലൂടെ തീര്‍ഥാടകരുടെ പ്രയാസം കുറയ്ക്കുന്നതിന് വേണ്ട എല്ലാ ഇടപെടലുകളും കാര്യക്ഷമമായി നടപ്പാക്കുമെന്നും അറിയിച്ചു.
Also read: ശബരിമല തീര്‍ഥാടകരുടെ യാത്രാക്ലേശം: പരിഹാര നടപടികള്‍ നിര്‍ദേശിച്ച് ഹൈക്കോടതി