പത്തനംതിട്ട : കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ക്ലാര്‍ക്ക് വിജിലൻസിന്‍റെ പിടിയിലായി. തിരുവല്ല കടപ്ര പഞ്ചായത്തിലെ കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലാര്‍ക്ക് ആലപ്പുഴ തകഴി കുന്നുമ്മൽ ശ്രീനിലയത്തില്‍ പി.സി പ്രദീപ് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്‌പി ഹരി വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10 മണിയോടെ ഇയാളെ വലയിലാക്കിയത്. ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
ആലപ്പുഴ സ്വദേശിനി മറ്റൊരാളിൽ നിന്നും വാങ്ങിയ ഭൂമിയിലുണ്ടായിരുന്ന കെട്ടിടം തന്‍റെ പേരിലേക്ക് മാറ്റി കിട്ടാനാണ് കെട്ടിട നികുതി വിഭാഗം ക്ലാർക്ക് പി.സി പ്രദീപ് കുമാറിന്‍റെ അടുത്തെത്തിയത്. ഇതുമാറ്റി നൽകുന്നതിന് പരാതിക്കാരിയോട് 25,000 രൂപ പ്രദീപ് ആവശ്യപ്പെട്ടു.
ALSO READ: നമ്പർ 18 ഹോട്ടലിലെ പീഡനം; റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവെന്ന് ഡി.സി.പി
ഇതിന്‍റെ അടിസ്ഥാനത്തിൽ ആദ്യം പതിനായിരം രൂപ കൈമാറി. എന്നാൽ ബാക്കി 15,000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് പ്രദീപ് പരാതിക്കാരിയെ നിരന്തരം ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് പരാതിക്കാരി വിജിലൻസിനെ സമീപിയ്ക്കുകയായിരുന്നു.
ഫിനോഫ്തലിൻ പുരട്ടി നൽകിയ പണം ഓഫിസിന് പുറത്ത് പരാതിക്കാരിയുടെ കാറില്‍ വച്ച് കൈമാറുന്നതിനിടെ പ്രദീപ് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.