പത്തനംതിട്ട : ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ സജി ചെറിയാനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ അഡ്വ: ബൈജു നോയലിന്‍റെ മൊഴി ഡി.വൈ.എസ്.പി രേഖപ്പെടുത്തി. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് കീഴ്‌വായ്‌പൂര്‍ പൊലീസ് നടപടി ആരംഭിച്ചത്.
കേസില്‍ പരാതിക്കാരനായ അഡ്വ: ബൈജു നോയലിനെ ഇന്നലെ (11-07-2022) രാത്രി തിരുവല്ല ഡിവൈഎസ്‌പി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സജി ചെറിയാനൊപ്പം അന്ന് മല്ലപ്പള്ളിയിലെ വേദിയില്‍ വേറെ ആരെങ്കിലും ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിഭാഷകന്‍ ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടു. കേസില്‍ സാക്ഷികളായ തിരുവല്ല, റാന്നി എം.എല്‍.എമാരുടെ മൊഴി രേഖപ്പെടുത്തേണ്ടത് ആവശ്യമാണോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പ്രതിയായ സജി ചെറിയാന്‍ എം.എല്‍.എയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. നിയമസഭ സമ്മേളനത്തിന് ശേഷമാകും ഇത്. അതിനുമുൻപ് കേസിലെ മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനാണ് പൊലീസ് നീക്കം. തിരുവല്ല ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.