പത്തനംതിട്ട:ഈ വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് വിളക്ക് തെളിയിക്കും . തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ കത്തിക്കും. അയ്യപ്പഭക്തർക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമെ ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ. പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.
എ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളിൽ അയ്യപ്പന്‍റെ മൂല മന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്ന് നൽകും. മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിൽ ഇരുത്തി അഭിഷേക ചടങ്ങുകൾ ചെയ്ത് സ്ഥാനാരോഹണം നടത്തും. ശേഷം ഇരുവരും പുറപ്പെടാ ശാന്തിമാർ ആകും. വൃശ്ചിക പുലരിയിൽ ശ്രീകോവിൽ നട തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും. മാളികപ്പുറം ക്ഷേത്രനട എം.എസ് പരമേശ്വരൻ നമ്പൂതിരി തുറന്ന് അയ്യപ്പഭക്തർക്ക് ദർശനപുണ്യത്തിന് വഴിയൊരുക്കും. ഡിസംബർ 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ.
വിശ്ചികം ഒന്നിന് ശബരിമല നട തുറക്കുന്ന ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ കെ.എസ് രവി, ദേവസ്വം കമ്മീഷണർ എം.ഹർഷൻ തുടങ്ങിയവർ ശബരിമലയിൽ എത്തും. യുവതി പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങളും മാവോയിസ്റ്റ് ഭീഷണികളും നിലനിൽക്കുന്നതിനാൽ ശബരിമലയിൽ സുരക്ഷ സംവിധാനങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പതിനായിരത്തോളം പൊലീസുകാരാണ് ഈ മണ്ഡലകാലത്ത് സുരക്ഷ ഒരുക്കുന്നത്.