പത്തനംതിട്ട: അയ്യപ്പന്‍റെ ശ്രീകോവിലിന് സമീപം മുസ്ലീം ആരാധനാലയം. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത മതസൗഹാർദ അന്തരീക്ഷം. അതാണ് ശബരിമല. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ അയ്യപ്പൻമാരുടെ തിരക്കേറി. അയ്യപ്പനെ കാണാനെത്തുന്നവർ അയ്യപ്പന്‍റെ സുഹൃത്തായി ഭക്തർ വിശ്വസിക്കുന്ന വാവരെ കണ്ട് അനുഗ്രഹം വാങ്ങും. വാവരെ കണ്ട ശേഷം തന്നെ കണ്ടാൽ മതിയെന്ന വിശ്വാസത്തിലാണ് വാവർക്ക് ക്ഷേത്രത്തിന് മുന്നിലെ പതിനെട്ടാം പടിക്ക് സമീപം സ്ഥാനം നൽകിയിരിക്കുന്നത്. വിശ്വസം മതസൗഹാർദത്തിന് വേദിയാകുന്ന അപൂർവ കാഴ്ചയ്ക്കാണ് ശബരിമല വേദിയാകുന്നത്.
പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും പിന്നീട് ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെ കുടിയിരുത്തി എന്നുമാണ് ഐതീഹ്യം. ശബരിമലയിൽ എത്തുന്ന ഭക്തർ വാവരേയും വണങ്ങുന്ന മത സൗഹാർദ്ദ കാഴ്ച തത്വമസിയുടെ മണ്ണിന് മാത്രം സ്വന്തമാണ്. വാവര്‍ വൈദ്യനും ജ്യോതിഷിയുമായിരുന്നു. വാവര്‍ സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകളാണ്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്ത് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്.