പത്തനംതിട്ട : പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിച്ചു.
തുടർന്ന് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. 6 മണിമുതല്‍ 7.30 വരെ പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു. കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും ഇന്ന് നടന്നു.
ഉത്സവ കൊടിയേറ്റ് ദിനമായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് പതിവ് അഭിഷേകവും മറ്റ് പൂജകളും നടക്കും. തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആണ് തിരുവുത്സവ കൊടിയേറ്റ്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കാനായി സന്നിധാനത്ത് എത്തിച്ചേരും. 17-ാം തീയതിയാണ് പള്ളിവേട്ട. 18 ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ട് നടക്കും.
നാളെ (9.03.2022) മുതല്‍ ക്ഷേത്രനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.