പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് ഏറെ പ്രിയപ്പെട്ട അർച്ചനയാണ് പുഷ്‌പാഭിഷേകം. ഉദ്ദിഷ്‌ടകാര്യ സിദ്ധിക്ക് സ്വാമി അയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട അഭിഷേകമാണ് പുഷ്‌പാഭിഷേകമെന്നാണ് വിശ്വാസം. തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതൽ ഒൻപത് മണി വരെയാണ് പുഷ്‌പാഭിഷേകം നടത്തുന്നത്.
പുഷ്‌പാഭിഷേകം ചെയ്യുന്ന ഒരു സംഘത്തിലെ അഞ്ച് പേർക്ക് പ്രത്യേക ദർശനവും, വിശേഷ പൂജകളും നടത്തും. 12,500 രൂപയാണ് ഒരു പുഷ്‌പാഭിഷേകത്തിന്‍റെ നിരക്ക്. താമര, തെറ്റി, തുളസി, കൂവളം, അരുളി, ജമന്തി, മുല്ല, റോസ് എന്നിങ്ങനെ എട്ട് തരം പൂക്കളാണ് പുഷ്‌പാഭിഷേകത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.
കമ്പം, ദിണ്ടിഗൽ, ഹൊസൂർ തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പമ്പയിൽ എത്തിക്കുന്ന പൂക്കർ ട്രാക്‌ടറിലാണ് സന്നിധാനത്ത് എത്തിക്കുന്നത്. പ്രതിദിനം ശരാശരി 12 പുഷ്‌പാഭിഷേകമാണ് നടത്തുന്നത്. നവംബർ 17 മുതൽ ഡിസംബർ മൂന്ന് വരെ 461 പുഷ്‌പാഭിഷേകം നടന്നു.
പുഷ്‌പാഭിഷേകത്തിന് പുറമേ അഷ്‌ടാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം, മാളികപ്പുറത്ത് ഭഗവതിസേവ എന്നിവയും ശബരിമലയിലെ പ്രധാന പൂജകളാണ്. അഷ്‌ടാഭിഷേകം രാവിലെ 5.30 മുതൽ 11.30 വരെയും, കളഭാഭിഷേകം 12.30 നും, നെയ്യഭിഷേകം പുലർച്ചെ 3.30 മുതൽ ഏഴ് വരെയുമാണ് നടത്തുന്നത്.