ശബരിമല: പുതുവത്സരത്തോടനുബന്ധിച്ച് ശബരീശനെ തൊഴാനെത്തിയത് പതിനായിരങ്ങൾ. പുലർച്ചെ മുതൽ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ക്യൂവിൽ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. തിരക്കിന്റെ പശ്ചാത്തലത്തിൽ പമ്പയിൽ നിന്നുൾപ്പടെ തീർഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.
അതേ സമയം ഇന്നലെ വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 63,803 പേരാണ് മല ചവിട്ടിയത്. ഇതിൽ 62,753 പമ്പ വഴിയും 1,050 പേർ പുല്ലുമേട് വഴിയുമാണ് എത്തിയത്. മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീര്‍ഥാടക പ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്‌ച പമ്പയില്‍ നിന്നും 22,009 പേരും പുല്ലുമേടില്‍ നിന്ന് 989 പേരും ദര്‍ശനത്തിനെത്തിയതായാണ് ആദ്യ കണക്കുകള്‍.
തിരക്ക് അധികമായതോടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്.