പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് വാഹനങ്ങള്‍ക്ക് കൂടുതല്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ്. നിലയ്ക്കല്‍ ഗോശാലക്ക് സമീപം 20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ 17 പാര്‍ക്കിങ് ഗ്രൗണ്ടുകളിലായി ഒരേ സമയം 9000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനുപുറമേയാണ് ഗോശാലയ്ക്ക് സമീപം വിസ്‌താരമേറിയ പാര്‍ക്കിങ് സ്ഥലം തയ്യാറാക്കുന്നത്. പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിലാണ് എല്ലാത്തരം വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സ്ഥലം സജ്ജമാക്കുന്നത്.
കഴിഞ്ഞ ദിവസം ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറഞ്ഞത് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അടിയന്തരമായി പാര്‍ക്കിങ് സ്ഥലം ഒരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനമെടുത്തത്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിന് പ്രത്യേകം റോഡും ഒരുക്കും.
മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഹെലിപാഡിന് സമീപം ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് താമസിക്കുന്നതിന് താല്‍ക്കാലിക സൗകര്യവുമൊരുക്കം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പദ്ധതി പ്രദേശങ്ങളും ഹെലിപാഡും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗവും ചേര്‍ന്നു. ശബരിമലയുടെ ചുമതയുള്ള എഡിഎം എന്‍.എസ്.കെ ഉമേഷ്, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ബീനാ റാണി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കലക്ടര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.