പത്തനംതിട്ട: സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളിലുള്ളവരിലും ദേവസ്വം തൊഴിലാളികൾക്കിടയിലും ആരോഗ്യ കാർഡ് ഇല്ലാത്തവർക്കായി ഉടൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനം. ഇന്നലെ വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും സന്നിധാനത്തോ പരിസരത്തോ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുകയെന്ന് യോഗത്തിൽ പങ്കെടുത്ത ശബരിമല എ.ഡി.എം വിഷ്‌ണുരാജ് പി വ്യക്തമാക്കി.
ക്യാമ്പിന്‍റെ തിയതി ഉടൻ തീരുമാനിക്കും. രക്ത സാമ്പിൾ എടുത്ത് മുഖ്യമായും ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പരിശോധിച്ചാണ് ആരോഗ്യ കാർഡുകൾ വിതരണം ചെയ്യുക. ഇത്തവണ മണ്ഡലകാലം തുടങ്ങിയ ശേഷം സന്നിധാനത്തും പാതയിലുമായി എട്ട് അയ്യപ്പഭക്തരാണ് മരണപ്പെട്ടത്. ഇത് മുൻ വർഷങ്ങളേക്കാൾ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അവശ നിലയിലായ പല അയ്യപ്പഭക്തർക്കും ഗോൾഡൺ അവറിൽ തന്നെ ശുശ്രൂഷ നൽകാൻ എമർജൻസി മെഡിക്കൽ സെന്‍ററുകൾ (ഇഎംസി) വഴി സ്‌തുത്യർഹമായ രീതിയിൽ സാധിച്ചു. അടുത്ത ഉന്നതതല യോഗത്തിന് മുമ്പ് സന്നിധാനത്തെ മുഴുവൻ മരാമത്ത് പണികളും പൂർത്തിയാക്കും. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ ചിലയിടത്തുള്ള കൂർത്ത കല്ലുകൾ അയ്യപ്പഭക്തരുടെ യാത്രയ്ക്ക് തടസം നേരിടാത്ത വിധത്തിൽ നീക്കം ചെയ്യും.
ഫോഗിങ്ങ്, ബ്ലീച്ചിംഗ് എന്നിവ സന്നിധാനത്തെ ഏഴ് മേഖലകളായി തരംതിരിച്ച് നടന്നുവരുന്നു. ഓരോ മേഖലയിലും ആഴ്‌ചയിലൊരിക്കൽ ഇവ നടത്തുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യ നിക്ഷേപം സുഗമമായി നടത്താൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.
കുടിവെള്ള വിതരണം: കാനന പാത താണ്ടി ശബരിമലയിലെത്തുന്ന ഭക്തർക്ക് ഉരൽകുഴിയിൽ വെച്ച് കുടിവെള്ളം വിതരണം ചെയ്യും. നാലോ അഞ്ചോ കാനുകളിലാക്കി ദേവസ്വം ബോർഡ് എത്തിച്ചുനൽകുന്ന ചൂടുവെള്ളമായിരിക്കും വിതരണം ചെയ്യുക. നടപ്പന്തലിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ യോഗത്തെ അറിയിച്ചു.
ഹോട്ടലുകളുടെ ഉൾവശത്ത് കോൺക്രീറ്റ് പൊളിഞ്ഞ പ്രശ്‌നങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാർ യോഗത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ശബരിമലയിൽ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണെങ്കിലും ടാപ്പുകൾ വൃത്തിയാക്കിയില്ലെങ്കിൽ രോഗപ്പകർച്ചയ്‌ക്ക് സാധ്യതയുണ്ട്. ലിക്വിഡ് ക്ലോറിനിൽ മുക്കിയ തുണി ഉപയോഗിച്ച് ടാപ്പുകൾ വൃത്തിയാക്കുന്നുണ്ടെന്ന് ദേവസ്വം പ്രതിനിധി മറുപടി നൽകി.
കാനുകളിലെ ഭക്ഷണം നിരോധിച്ചിട്ടും വഴിയോരത്തെ ചില കടകളിൽ അവ വിൽക്കപ്പെടുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് നടപടി എടുക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സന്നിധാനത്തും പരിസരത്തുമായി പുതുതായി ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അയ്യപ്പ സേവാ സംഘത്തിന് സന്നിധാനത്ത് പുതിയ ഫസ്റ്റ് എയിഡ് പോയിന്‍റ് ആരംഭിക്കും. അപ്പാച്ചിമേട്ടിൽ സംഘത്തിന്‍റെ ഷെഡ്ഡിലേക്ക് വൈദ്യുതി കണക്ഷൻ നൽകാനും തീരുമാനമായി.
ആയുർവേദ ആശുപത്രിയുടെ മുകൾഭാഗത്തെ ഷീറ്റ് പൊട്ടി മഴ വെള്ളം കയറുന്ന പരാതി പരിഹരിക്കാമെന്നും തീരുമാനമായി. കച്ചവട സ്ഥാപനങ്ങളിൽ ജോലിക്ക് നിൽക്കുന്നവർ, വിഷമില്ലാത്ത ഇനം ആണെന്ന് കരുതി സ്വന്തം നിലക്ക് പാമ്പുകളെ പിടികൂടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ബോധവൽക്കരണം നടത്തും.
അണ്ടർപാസ് വൃത്തിയാക്കാൻ തീരുമാനം: സന്നിധാനത്ത് നിന്ന് കൊപ്ര കൊണ്ടുപോകുന്ന അണ്ടർപാസ് വൃത്തിയാക്കണമെന്നും ആവശ്യമുയർന്നു. ശുചീകരണ തൊഴിലാളികൾ പ്രവൃത്തി ചെയ്യുമ്പോൾ കൈയുറ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം നല്ല രീതിയിൽ നടക്കുന്നതായി ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ സന്നിധാനം സ്പെഷ്യൽ ഓഫിസർ ഹരിശ്ചന്ദ്ര നായിക് അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് എക്സിക്യുട്ടീവ് ഓഫിസർ എച്ച് കൃഷ്‌ണകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എഡിഎമ്മും സംഘവും വ്യാഴാഴ്‌ച സന്നിധാനവും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. ജില്ലാ മജിസ്ട്രേറ്റ് അനിൽ സി എസ്, എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിനോദ്‌കുമാർ ജി തുടങ്ങിയവർ അനുഗമിച്ചു.