ശബരിമല: സൂര്യഗ്രഹണവും, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തേയ്ക്ക് എത്തുന്നതിനാലും നാളെ ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. സൂര്യഗ്രഹണമായതിനാൽ നാല് മണിക്കൂർ നട അടച്ചിടും. നടപ്പന്തൽ, മരക്കൂട്ടം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലാണ് പൊലീസ് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. സൂര്യഗ്രഹണമായതിനാൽ രാവിലെ 7.30 മുതൽ 11:30 വരെയാണ് നട അടയ്ക്കുക. നാളെ വൈകുന്നേരത്തോടു കൂടി തങ്ക അങ്കി ഘോഷയാത്രയും സന്നിധാനത്ത് എത്തിച്ചേരും. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ തിരക്കനുസരിച്ചാകും നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും അയ്യപ്പ ഭക്തരെ കടത്തിവിടുകയുള്ളൂ.
പതിനെട്ടാം പടി കയറുന്നതിനും നിയന്ത്രണങ്ങളുണ്ട്. നട അടച്ചിരിക്കുന്ന നാല് മണിക്കൂർ ഭക്തരെ പതിനെട്ടാം പടി കയറ്റി വിടില്ല. ഈ സമയത്ത് സന്നിധാനത്ത് തിരക്ക് അധികമാകാതിരിക്കാനാണ് പമ്പയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 11:30 ന് നട തുറന്ന് ശുദ്ധി ക്രിയ നടത്തും. തുടർന്ന് കുറച്ചു സമയം മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി ദീപാരാധനയ്ക്ക് ശേഷം മാത്രമേ അയ്യപ്പന്മാർക്ക് ദർശനം അനുവദിക്കുകയുള്ളൂ. അതിനാൽ രാവിലെ 6:45 ന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്ക് തീർഥാടകരെ കടത്തിവിടില്ല. വൈകിട്ട് മൂന്നിന് പമ്പാ ഗണപതി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ട ശേഷം മാത്രമായിരിക്കും അയ്യപ്പന്മാർക്ക് മല കയറാനാകുക.