പത്തനംതിട്ട : മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമാണ് കോടതി നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ഒരുലക്ഷത്തിലധികം ആളുകൾ ദർശനം നടത്തിയെന്ന് ദേവസ്വംബോർഡ് അറിയിച്ചു. സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജിയിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് മേധാവിമാരെ കോടതി കക്ഷി ചേർത്തു.
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയായെടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. മണ്ഡലകാല സമാപനത്തിനിടെ അനിയന്ത്രിത തിരക്കുണ്ടായതിനെ തുടർന്ന് അവധി ദിവസവും കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. ബുക്കിങ് ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. കൂടാതെ ഇടത്താവളങ്ങളിലടക്കം സൗകര്യങ്ങൾ ഒരുക്കി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
വൻ ഭക്തജന പ്രവാഹമാണ് മകരവിളക്കിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ശബരിമലയിലേക്ക് എത്തുന്നത്. തീർത്ഥാടകരുടെ ഒഴുക്ക് വർധിച്ചതിനാൽ ദേവസ്വം ബോര്‍ഡും പൊലീസും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസവും വൻ തിരക്കിന് സാധ്യതയുള്ളതിനാൽ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 10 മുതല്‍ ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കില്ല. ജനുവരി 10 മുതൽ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് നടത്താതെ എത്തുന്ന ഭക്തർക്ക് ശബരിമല പ്രവേശനം സാധിക്കുന്നതല്ല.
Also read : മകര വിളക്ക് ജനുവരി 15ന് ; കർശന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി ദേവസ്വം ബോര്‍ഡും പൊലീസും
ജനുവരി 15ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല. മാത്രമല്ല മകരവിളക്കിനും തലേ ദിവസവും ഭക്തരുടെ കുത്തൊഴുക്ക് കണക്കിലെടുത്ത് പ്രായമായ സ്ത്രീകളും കുട്ടികളും ശബരിമല യാത്ര ഒഴിവാക്കണമെന്ന് നേരത്തേ തന്നെ ദേവസ്വം അധികൃതര്‍ അറിയിച്ചിരുന്നു. 16 മുതല്‍ 20 വരെ ദിവസേന 80,000 ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിക്കും.