പത്തനംതിട്ട: മകരവിളക്കുൽസവത്തിന് തിരക്കേറിയതോടെ വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി. നിലവിലെ സർവ്വീസുകൾക്ക് പുറമെ തിരക്ക് പരിഗണിച്ച് പത്ത് ചെയിൻ സർവ്വീസുകളും 16 ദീർഘ ദൂര സർവ്വീസുകളും കെ എസ് ആർ ടി സി വർധിപ്പിച്ചു.
മകരവിളക്കിന്‍റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ- ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി. സുനിൽകുമാർ അറിയിച്ചു.
പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ് നടത്തും. ഉത്സവശേഷം നടയടക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവ്വീസുകളും 21 ന് പുലർച്ചെ 4 മണി വരെ ദീർഘ ദൂര സർവ്വീസുകളും ഒരുക്കും.
മണ്ഡലകാല ആരംഭം മുതൽ ജനുവരി വരെയുള്ള കാലയളവിൽ 52.04 ലക്ഷം പേരാണ് തീർത്ഥാടനത്തിന്‍റെ ഭാഗമായി കെ എസ് ആർ ടി സി യിൽ യാത്ര ചെയ്‌തത്. പമ്പ നിലയ്ക്കൽ റൂട്ടിൽ 1,08,600 ചെയിൻ സർവ്വീസുകളും 25,200 ദീർഘ ദൂര സർവ്വീസുകളും നടത്തി.
ഇത് വരെ 31.07 കോടി രൂപയാണ് ഈയിനത്തിലെ വരവ്. ദീർഘദൂര സർവ്വീസുകളിൽ ഏറ്റവുമധികം സർവ്വീസ് ചെങ്ങന്നൂരേക്കാണ് നടത്തിയത്. 3900 സർവ്വീസുകൾ, എരുമേലി 2300, തിരുവനന്തപുരം 1500, കോട്ടയം 1400, ഏറണാകുളം, കുമിളി 900 വീതം എന്നിങ്ങനെ പോകുന്നു സർവ്വീസുകൾ. നിലവിൽ 720 ജീവനക്കാരാണ് സേവന രംഗത്തുള്ളത്.