പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നവംബർ ഒന്നു മുതൽ പതിനാല് വരെ കേരളത്തിൽ തീർത്ഥ രഥയാത്ര നടത്താൻ തീരുമാനിച്ച് ശബരിമല കർമ്മസമിതി. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും പന്തളത്ത് ചേർന്ന സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ബില്ലിന്റെ കരട് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും ശബരിമല കർമ്മ സമിതി നേതാക്കൾ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ നിലപാട് വരുന്നതിന് മുമ്പ് പാർലമെന്റിൽ ബിൽ അവതരിപ്പിക്കാൻ കഴിയില്ല എന്ന് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ശബരിമല കർമ്മ സമിതിയുടെ യോഗം ചേർന്നത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏത് നിമിഷവും അനുകൂല വിധി ഉണ്ടാകുമെന്നും മറിച്ചായാൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ് ജെ ആര്‍ കുമാർ യോഗത്തിന് ശേഷം പറഞ്ഞു.
അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അയ്യപ്പദാസ് സ്വാമി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കെ എസ് നാരായണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.