പത്തനംതിട്ട: Sabarimala Pilgrimage പായ്‌ക്കിങ്ങിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ശബരിമലയില്‍ അപ്പം, അരവണ പ്രസാദ വിതരണം മുടങ്ങി. മൂന്ന് ദിവസമായി വൈകുന്നേരങ്ങളില്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ അപ്പം വിതരണം മുടങ്ങുന്നുണ്ട്. ടിന്‍ അരവണ ലഭ്യമാണെങ്കിലും പത്ത് ടിന്‍ അടങ്ങിയ ബോക്‌സ് അരവണയ്ക്ക് ക്ഷാമം നേരിടുന്നുണ്ട്.
Appam and Aravana packing Employees: ഒരുലക്ഷം അപ്പം കരുതല്‍ ശേഖരമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു. എന്നാൽ പായ്‌ക്കിങ് ജോലിക്ക് മതിയായ ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ശബരിമലയിൽ തിരക്ക് വര്‍ദ്ധിക്കുമ്പോഴും കൂടുതല്‍ ജീവനക്കാരെ പായ്ക്കിങ്ങിന് നിയമിച്ചിട്ടില്ല.
വിതരണ ചുമതല സ്വകാര്യ കമ്പനിക്കാണ്. പതിനെട്ടാം പടിക്ക് താഴെ എട്ട് കൗണ്ടറുകളിലായാണ് അപ്പവും അരണവയും വിതരണം ചെയ്യുന്നത്. കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനുള്ള നടപടിയും നടന്നു വരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ആയിരത്തോളം താത്കാലിക ജീവനക്കാരെ ബോര്‍ഡ് നിയമിച്ചിരുന്നുവെങ്കിൽ ഇത്തവണ മുന്നൂറോളം പേരെ മാത്രമാണ് നിയമിച്ചത്. ജീവനക്കാരുടെ കുറവ് കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിനെയും ബാധിച്ചിട്ടുണ്ട്. അപ്പം ഉത്പാദനത്തില്‍ കുറവില്ലെന്നും പായ്ക്കിങ് ജോലികളില്‍ പ്രതിസന്ധിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ALSO READ: മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാടിനെതിരായ തുടര്‍ നടപടി ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍