പത്തനംതിട്ട : ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്റര്‍ കൂടി തകരാറില്‍. ഇതോടെ കേടായ ജനറേറ്ററുകളുടെ എണ്ണം മൂന്നായി. ആകെ ആറ് ജനറേറ്ററുകളുള്ള ശബരിഗിരി പദ്ധതിയുടെ അഞ്ചാം നമ്പർ ജനറേറ്റാണ് ഇപ്പോള്‍ തകരാറിലായത്. ഇടുക്കിയില്‍ നിന്ന് വിദഗ്‌ധര്‍ എത്തി തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.
നിലവില്‍ നാല്, ആറ് നമ്പർ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അഞ്ചാം നമ്പർ ജനറേറ്റര്‍ തകരാറിലായതോടെ 55 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 30 ശതമാനം ജലം സംഭരണിയിലുണ്ട്.
കാലവര്‍ഷം എത്തുന്നതോടെ സംഭരണി നിറയുമെന്നും പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയിലിരിക്കെയാണ് ജനറേറ്ററിന് തകരാര്‍ സംഭവിച്ചത്. ഇത് കെഎസ്‌ഇബിക്ക് വലിയ നഷ്‌ടമുണ്ടാക്കും.
മൂന്ന് ജനറേറ്ററുകള്‍ പണിമുടക്കിയതോടെ വൈദ്യുത ഉത്പാദനത്തില്‍ 175 മെഗാവാട്ടിന്‍റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി.