പത്തനംതിട്ട: എടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിനാണ് ക്ഷേത്രനട തുറക്കുക. പതിവ് പൂജകൾക്ക് ശേഷം 19ന് രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും. ശബരിമല യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രശ്നങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ തീർഥാടകരുടെ വാഹനങ്ങൾക്ക് ഇത്തവണയും നിലയ്ക്കൽ വരെ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുളളു. ശബരിമലയിൽ ക്രമസമാധാന ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് ചുമതലയേൽക്കും.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് നടതുറന്നപ്പോൾ വടശ്ശേരിക്കരി, എരുമേലി മുതൽ വരുന്ന വാഹനങ്ങളിലെല്ലാം പൊലീസ് യുവതികൾക്കായി കർശന പരിശോധനയാണ് നടത്തിയുന്നത്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരെയും സംശയമുള്ളവരെയും യാത്രാമധ്യേ പൊലീസ് തിരിച്ചയക്കുകയായിരുന്നു. സർക്കാർ തലത്തിലുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് തുടരാനിടയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ സംഘടനകൾ ആചാരസംരക്ഷണത്തിനായി മുമ്പത്തേതുപോലെ ശബരിമലയിലെത്താൻ തയ്യാറെടുക്കുന്നത്.