ശബരിമല: ദേവസ്വം ബോർഡിന്റെ പരിഗണനയിലുണ്ടായിരുന്ന സന്നിധാനം-പമ്പ റോപ്പ് വേ പദ്ധതി ദിശമാറ്റി നിലക്കൽ വരെ നീട്ടാൻ ദേവസ്വം ബോർഡ് നീക്കം. മാളിക്കപ്പുറത്തിന് സമീപത്ത് നിന്നും പമ്പ ഹിൽ സ്റ്റേഷൻ വരെ വിഭാവന ചെയ്ത റോപ്പ് വേയുടെ സർവേ പൂർത്തിയാക്കി ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന് വനം വകുപ്പ് തടസം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റോപ്പ് വേയുടെ ദിശമാറ്റി നിലയ്ക്കൽ വരെ നീട്ടുന്നത്.
നിലയ്ക്കലിൽ നിന്ന് പമ്പയിൽ എത്താതെ അട്ടത്തോട് വഴി മാളികപ്പുറത്ത് എത്തുന്നതാണ് പുതിയ രൂപരേഖ. ശബരിമലയുടെ ബേസ് ക്യാമ്പായി നിലയ്ക്കൽ മാറിയതിനെതുടർന്നാണ് പുതിയ പദ്ധതി അലോചിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.നിലയ്ക്കലിൽ വെയർ ഹൗസ് നിർമ്മിച്ചാൽ സാധനങ്ങൾ സംഭരിക്കുന്നത് എളുപ്പമാകുമെന്നും ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നു. സന്നിധാനത്തെ വഴിപാടുകൾ, നിർമാണ പ്രവർത്തനങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനായി റോപ് വേ നിർമ്മിക്കാനാണ് ശബരിമല മാസ്റ്റർ പ്ലാനിലെ പദ്ധതി. എന്നാൽ ഇതിനും വനം വകുപ്പിന്റെ അനുമതി ലഭിക്കണം.