പത്തനംതിട്ട : തിരുവല്ലയിലെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ 35 പവന്‍ സ്വര്‍ണം മോഷണം പോയി. തിരുവല്ല കറ്റോട് വല്യവീട്ടില്‍പടി സാബു എബ്രഹാമിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മോഷണത്തിന് പിന്നിൽ അയൽ വീട്ടിൽ കര്‍ട്ടന്‍ വില്‍പ്പനക്കെത്തിയ സംഘമെന്നാണ് സൂചന.
വീടിന്‍റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. കവർച്ച നടന്ന സമയം സാബുവിന്‍റെ മരുമകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവർ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു.
സാബുവിന്‍റെ അയല്‍വാസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വിതരണം ചെയ്യാൻ ഒരു സംഘം എത്തിയിരുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. അയല്‍വാസിയുടെ വീടിന്‍റെ മതിലിലൂടെ സാബുവിന്‍റെ വീടിന്‍റെ ഷെയ്‌ഡിലേക്ക് കയറാൻ പറ്റും. മോഷ്ടാക്കള്‍ ഈ വഴി വീടിനുള്ളില്‍ കടന്നതായാണ് സംശയിക്കുന്നത്.
ALSO READ: സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്; പരാതി 4 വിദ്യാര്‍ഥിനികളുടേത്
സാബുവിന്‍റെ വീടിന്‍റെ ഷെയ്‌ഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുട്ടി ഈ വിവരം മാതാവിനെ അറിയിച്ചു. ഇവരാണ് സാബുവിന്‍റെ വീട്ടിലെത്തി വിവരം പറയുന്നത്. തുടര്‍ന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.