പത്തനംതിട്ട: എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷമാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് അനവധി പാലങ്ങളും കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിക്കുകയും പുതിയതായി നിര്‍മ്മിക്കുകയും ചെയ്‌തതായി മന്ത്രി ജി. സുധാകരന്‍. 3000 കിലോ മീറ്റർ റോഡുകളും 514 പാലങ്ങളും 4000 സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് നിർമാണം പൂർത്തീകരിച്ചത്. പത്തനംതിട്ട ജില്ലയിലെ പൊടിയാടി ജംഗ്ഷനില്‍ അമ്പലപ്പുഴ - പൊടിയാടി റോഡിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയില്‍ മാത്രമായി 32 പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് നിര്‍മ്മാണ ചരിത്രത്തില്‍ ഇടംനേടിയ പാതയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച പാതയില്‍ നടപ്പാതകളും നാലു ബസ് സ്‌റ്റോപ്പുകളും 50 സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ (ഹൈവേ) അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സര്‍ക്കാരിന്‍റെ 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ ആദ്യ അംഗീകാരം ലഭിച്ച പദ്ധതിയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. 70.75 കോടി രൂപയാണ് ആദ്യഘട്ട നിര്‍മ്മാണ ചെലവ്. 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന ആശയം ഉള്‍ക്കൊണ്ട് റബര്‍, പ്ലാസ്റ്റിക്ക്, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് ഡക്റ്റുകള്‍ എന്നിവ ഉപയോഗിച്ച് ബി.എം-ബി.സി പാതയാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പൊടിയാടി മുതല്‍ തിരുവല്ല വരെയുള്ള പാതയാണ് പുനര്‍നിര്‍മ്മിക്കുന്നത്. 86 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ശബരിമലയിലേക്കുള്ള ഏക സംസ്ഥാന പാതയാണ് തിരുവല്ല-അമ്പലപ്പുഴ റോഡ്.