പത്തനംതിട്ട: ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി, അത് നിയമപരമാണെന്ന് വിശ്വസിപ്പിച്ച് യുവതിയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത് പ്രചരിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പൊലീസ് പിടിയില്‍. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ സുനില്‍ കുമാർ (42)ആണ് കീഴ്‌വായ്‌പൂര്‍ എസ്‌എച്ച് വിപിന്‍ ഗോപിനാഥിന്‍റെയും സംഘത്തിന്‍റെയും പിടിയിലായത്. വിവാഹ നാടകം നടത്തിയതിന് ശേഷം ബലാത്സംഗം ചെയ്‌ത് വഞ്ചനയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന എഴുമറ്റൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
നാൽപ്പതുകാരിയായ യുവതി വിദേശത്ത് ജോലി ചെയ്യുകയാണ്. 2020 ഫെബ്രുവരി 24 ന് അമ്പലപ്പുഴ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. ഇതിനു ശേഷം പലയിടങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. അമ്പലപ്പുഴയിലെ ലോഡ്‌ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും പൂട്ടിയിട്ടും ബലം പ്രയോഗിച്ചും പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഇയാളുടെ സുഹൃത്തുക്കളായ മറ്റു ആറ് പ്രതികള്‍ക്ക് ചിത്രങ്ങള്‍ കൈമാറി. അവര്‍ ഓണ്‍ലൈനിലും ഫേസ്ബുക്ക് പേജിലും ചിത്രങ്ങൾ അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളോടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ച പൊലീസ് ജില്ല സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി.
തുടർന്ന് മലപ്പുറത്തെ വീട്ടില്‍ നിന്നും ഇന്നലെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും വിദേശത്തുള്ള യുവതിയെ വീഡിയോ കോളിലൂടെ പ്രതിയെ കാണിച്ചു തിരിച്ചറിഞ്ഞതിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉപയോഗിച്ച ഫോണും കൃത്യസമയത്ത് ധരിച്ച വസ്ത്രങ്ങളും നശിപ്പിച്ചതായാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.