പത്തനംതിട്ട : എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്‌ത്രം മാറുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശി അന്‍ജിത്താണ് (24) അറസ്റ്റിലായത്. സ്‌കാനിങ്ങിന് വന്ന നിരവധി സ്‌ത്രീകളുടെ നഗ്ന ദൃശ്യം ഇയാള്‍ പകര്‍ത്തിയതായാണ് വിവരം.
എംആര്‍ഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശി വസ്‌ത്രം മാറുന്നത് ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇക്കാര്യം യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ പിടിക്കപ്പെട്ടത്. അടൂര്‍ ജനറൽ ആശുപത്രി ജങ്ഷനിൽ പ്രവർത്തിക്കുന്ന ദേവി സ്‌കാന്‍സില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം.
കാലിന്‍റെ എംആർഐ സ്‌കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്‌കാനിങ് സെന്‍ററിലെ വസ്‌ത്രം ധരിക്കണമായിരുന്നു. സെന്‍ററിലെ ഒരു മുറിക്കുള്ളിലാണ് വസ്‌ത്രം മാറുന്നതിനായി യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന തുണികൾക്കിടയിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് പരിശോധിച്ചപ്പോഴാണ് വസ്‌ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോണിൽ കണ്ടത്. ദൃശ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്‌ത ശേഷം യുവതി അടൂർ പൊലീസിൽ വിവരം അറിയിച്ചു. അടൂർ പൊലീസ് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പൊലീസ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടുതൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്നതുൾപ്പടെ പരിശോധിക്കാനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ജില്ല സൈബർ സെല്ലിന് കൈമാറാന്‍ ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍ നിര്‍ദേശം നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സ്‌കാനിങ് സെന്‍ററിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ സെന്‍റർ പൂട്ടിച്ചു. സ്‌കാനിങ് സെന്‍ററിന്‍റെ കവാടത്തിൽ യുവജന സംഘടനകൾ കൊടി കുത്തി.