പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികളായ ക്വട്ടേഷൻ സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. തിരുവല്ല, ചങ്ങനാശേരി, മല്ലപ്പള്ളി എന്നീ പ്രദേശങ്ങളിലായി ഗുണ്ടാ പ്രവർത്തനം നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളായ നാല് പേരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാർ (22), തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ വീട്ടിൽ രാഹുൽ മനോജ് (25) , മണിമല കുളത്തുങ്കൽ കിഴക്കേപ്പുറം വീട്ടിൽ പ്രജിത്ത് പി നായർ ( 27 ), ചെങ്ങന്നൂർ പാണ്ടനാട് കുട്ടന്മാന്തറ വീട്ടിൽ സുധീഷ് (25) എന്നിവരാണ് പിടിയിലായത്. മാസങ്ങളായി ഇതര സംസ്ഥാനങ്ങളിലടക്കം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ബുധനാഴ്ച രാത്രി ചക്കുളത്ത് കാവിനടുത്ത് നിന്ന് പിടികൂടുകയായിരുന്നു. പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.