ശബരിമല: രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷ വര്‍ധിപ്പിക്കും. ജനുവരി ആറിനാണ് രാഷ്‌ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുക. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകൾ. സന്നിധാനത്ത് ഹെലിപ്പാഡ് സംവിധാനം ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപാഡ് സംവിധാനം ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്‌ട്രപതി വ്യോമ മാര്‍ഗ്ഗം നിലയ്‌ക്കല്‍ ഇറങ്ങും. ഹെലികോപ്റ്ററിൽ നിലയ്‌ക്കലെത്തുന്ന രാഷ്‌ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പമ്പയിൽ നിന്നും കാൽ നടയായോ ഡോളിയിലോ സന്നിധാനത്തേയ്ക്ക് എത്തും.
രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യം ഉടന്‍ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കും. ഡിജിപി ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാകും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. എസ്പിജിയുടെ സുരക്ഷ ക്രമീകരണവും ശബരിമലയിൽ ഉണ്ടാവും. കൂടാതെ രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൊബൈൽ ജാമറുകളും ശബരിമലയിൽ സ്ഥാപിച്ചേക്കും