പത്തനംതിട്ട: വയറിനുള്ളില്‍ മരിച്ച കുഞ്ഞുമായി നാല് ദിവസം കഴിഞ്ഞ ഇതര സംസ്ഥാനക്കാരിക്ക് വിദഗ്‌ധ ചികിത്സ നിഷേധിച്ചത് വിവാദമാകുന്നു. പത്തനംതിട്ട കണ്ണങ്കരയിൽ താമസിക്കുന്ന ബോർമ തൊഴിലാളിയായ അസം സ്വദേശിനിയായ സമ എന്ന ഇരുപത്തഞ്ചുകാരിയാണ് വയറ്റിനുള്ളിൽ മരിച്ച കുഞ്ഞുമായി നാല് ദിവസം കഴിഞ്ഞത്. പ്രസവം അടുത്തതിനെ തുടർന്ന് വെള്ളിയാഴ്‌ചയാണ് സമ ഭർത്താവിനൊപ്പം അടൂർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. പരിശോധനയില്‍ കുഞ്ഞ് വയറിനുള്ളില്‍ മരിച്ച നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകാൻ ഡോക്‌ടർ ദമ്പതികളോട് നിർദേശിച്ചു. എന്നാല്‍ മെഡിക്കല്‍ കോളജിലേക്ക് പോകാൻ യാത്രാ സംവിധാനം ലഭിക്കാതിരുന്നതിനെ തുടർന്ന് വയറിനുള്ളിൽ മരിച്ച നിലയിലുള്ള കുട്ടിയുമായി യുവതിയും ഭർത്താവും ബസിൽ തിരികെ വീട്ടിലേക്ക് മടങ്ങി.
സമയുടെ നില ഗുരുതരമായതിനെ തുടർന്ന് ഇവർ ജോലി ചെയ്യുന്ന ബോർമയുടെ ഉടമ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇതിനിടെ നാല് ദിവസമായി വയറ്റിൽ മരിച്ച നിലയിലുള്ള കുഞ്ഞുമായി യുവതി ആശുപത്രിയിൽ നിന്നും ബസിൽ മടങ്ങാനായ സംഭവത്തിൽ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ചികിത്സ തേടിയെത്തിയ അടൂർ ജനറൽ ആശുപത്രി അധികൃതരോട് പത്തനംതിട്ട ഡിഎംഒ ഇൻ ചാർജ് ഡോ.സി.എസ് നന്ദിനി വിശദീകരണം തേടി. സമയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.