പത്തനംതിട്ട : കോഴിക്കടയിലെ മേശയുടെ പൂട്ട് തകർത്ത് 23000 രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി കടന്നു. തിരുവല്ല കാവുംഭാഗം കെ ജെ ബി ചിക്കൻ സെന്‍ററില്‍ നിന്നാണ് പണം കവര്‍ന്നത്. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും കാണാതായിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മോഷണ വിവരം അറിഞ്ഞത്. അഞ്ച് ദിവസം മുമ്പ് കടയിൽ ജീവനക്കാരനായി എത്തിയ അസം സ്വദേശിയായ മുസ്തഫയെന്ന യുവാവാണ് പണവുമായി കടന്നതെന്നാണ് പൊലീസ് നൽകുന്ന സ്ഥിരീകരണം. മുസ്തഫ ഉൾപ്പടെ നാല് പേരാണ് കടയിൽ ജീവനക്കാരായി ഉണ്ടായിരുന്നത്.
കടയോട് ചേർന്നുള്ള മുറിയിലായിരുന്നു നാലു പേരും താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശികളായ മറ്റ് മൂന്ന് ജീവനക്കാർ പുലർച്ചെ ഉറക്കമുണർന്ന് നോക്കുമ്പോൾ മുസ്തഫയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് ഉടമയെ വിവരമറിയിച്ചു. ഉടമയെത്തി നടത്തിയ പരിശോധനയിലാണ് പണവും ഹാർഡ് ഡിസ്ക്കും നഷ്ടപ്പെട്ടതായി മനസിലായത്. കായംകുളം ചാരുംമൂട്ടിലെ കോഴിക്കടയിൽ ജോലി ചെയ്യുന്ന മുസ്തഫയുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് മാസം മുമ്പാണ് ഇയാൾ ജോലി തേടി സഹോദരനൊപ്പം കേരളത്തിൽ എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.