പത്തനംതിട്ട: പന്തളത്ത് മുറിക്കുള്ളിൽ അകപ്പെട്ടുപോയ മൂന്നു വയസുകാരനെ രക്ഷപ്പെടുത്തി പൊലീസ്. വിഷ്‌ണു-സുധി ദമ്പതികളുടെ മകൻ വൈഷ്‌ണവാണ് (3) മുറിക്കുള്ളിൽ അകപ്പെട്ടത്. പന്തളം പൊലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലെ മുറിയിലാണ് കുടുംബം താമസിക്കുന്നത്. വിഷ്‌ണുവും വൈഷ്‌ണവും ചേർന്ന് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോൺ വന്നതിനെ തുടർന്ന് വിഷ്‌ണു സംസാരിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ വാതിലടഞ്ഞ് ലോക്ക് ആയത്.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ സുധി ജോലിക്ക് പോയിരുന്നു. എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ കഴിയാതിരുന്നതോടെ സഹായം തേടി സമീപമുള്ള പന്തളം പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. എഎസ്ഐ ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം പൂട്ട് പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. എഎസ്ഐ ഉണ്ണികൃഷ്‌ണനൊപ്പം, സിപിഓമാരായ അൻവർഷ, സുശീൽ കുമാർ, കൃഷ്‌ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Also read: പൊലീസാണ്, അതിലുപരി 'അമ്മ'യാണ്; പൊലീസ് ഉദ്യോഗസ്ഥ രമ്യയ്‌ക്ക് ആദരം