പത്തനംതിട്ട: ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുന്നകുളഞ്ഞിയിൽ അലഞ്ഞു നടന്ന ഇതര സംസ്ഥാനക്കാരനായ യുവാവിനെ ഇലവുംതിട്ട ജനമൈത്രി പൊലീസ് മല്ലപ്പള്ളി ശാലോം കാരുണ്യഭവൻ സംരക്ഷണ കേന്ദ്രത്തിലാക്കി. ധരംബാൽ(24)എന്നാണ് പേരെന്നും ബിഹാർ സ്വദേശിയാണെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇയാൾ പ്രദേശത്ത് അലഞ്ഞു നടക്കുന്ന കാര്യം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. നാട്ടുകാർ വിവരങ്ങൾ ചോദിക്കാൻ എത്തിയപ്പോൾ ഇയാൾ പ്രദേശത്തെ കാടുകയറിയ കുന്നിൻ മുകളിലേക്ക് ഓടിപ്പോയി. സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരായ സന്തോഷ്, അൻവർഷ, ആഷർ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കുന്നിൻ മുകളിലെ കാടിനുള്ളിൽ അവശനായിരിയ്ക്കുന്ന യുവാവിനെ കണ്ടെത്തിയത്.
ഇയാൾ മാനസിക വിഭ്രാന്തി കാണിക്കുന്നതായും പേരും സ്ഥലവും ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും പരസ്‌പര വിരുദ്ധമായാണ് പറയുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചു നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ
- ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ: 0468 225 9300
- ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ: 9447029494