പത്തനംതിട്ട : മൂന്നര വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Man sentenced 100 year imprisonment in POCSO case). പത്തനാപുരം പുന്നല കടയ്ക്കാമൺ സ്വദേശി വിനോദാണ് (32) കേസിലെ പ്രതി. അപൂർവമായാണ് ഇത്രയും കൂടിയ കാലയളവ് കഠിനതടവിന് ശിക്ഷ വിധിക്കുന്നത്. (POCSO Case In Pathanamthitta)
കുട്ടിയുടെ സഹോദരിയും കേസിലെ ദൃക്‌സാക്ഷിയുമായ എട്ട് വയസുകാരിയും പീഡനത്തിനിരയായിരുന്നു. ഈ കേസിന്‍റെ വിചാരണ ഇതേ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പിഴ തുകയായ നാല് ലക്ഷം രൂപ കുട്ടിക്ക് നൽകണം. പിഴ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. അടൂർ ഫാസ്റ്റ് ട്രാക്ക് ആന്‍ഡ് സ്പെഷ്യൽ കോടതി ജഡ്‌ജി എ സമീറിന്‍റേതാണ് വിധി. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും.
സംഭവം ഇങ്ങനെ : 2021 ഡിസംബർ 18ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ വിനോദ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് വച്ചാണ് രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായത്. മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കുട്ടിയുടെ സഹോദരിയായ എട്ട് വയസുകാരി കണ്ടിരുന്നു. തുടർന്ന് ഇയാൾ എട്ടുവയസുകാരിയെയും ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
അമ്മയോടാണ് താനും അനിയത്തിയും നേരിട്ട പീഡനത്തെ കുറിച്ച് എട്ടുവയസുകാരി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ അടൂർ പൊലീസിൽ പരാതി നൽകി. എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസാണ് പൊലീസ് ആദ്യം രജിസ്റ്റർ ചെയ്‌തത്. ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെ തുടർന്ന് രണ്ടാമത്തെ കേസ് എടുക്കുകയായിരുന്നു.
ഇളയകുട്ടിയെ പീഡിപ്പിച്ച കേസിൽ എട്ടു വയസുകാരി ദൃക്‌സാക്ഷിയായതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി ഇത് പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പോക്സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും, പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50,000 രൂപയും, പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും, 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും, 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ പതിനെട്ട് രേഖകളും പതിനേഴ് സാക്ഷികളെയും കോടതിയിൽ ഹാജരാക്കി.