പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താൽ ദിവസം പന്തളത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ് ചില്ലു തകർക്കുകയും, ഡ്രൈവറുടെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൂടി പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തു. പുന്തല കക്കട പാങ്ങായി മലയിൽ വീട്ടിൽ റെമീസ് റസാഖ് (24) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതി കാർത്തികപള്ളി ചെറുതന കോടമ്പള്ളിൽ സനൂജ് (32)നെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
സനൂജിനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഇരുവരുമായി സംഭവം നടന്ന കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപം മാർക്കറ്റ് ജങ്‌ഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഹർത്താൽ ദിവസം രാവിലെ റമീസ് റസാഖ് മങ്ങാരം പള്ളിയിൽ നിന്ന് സുഹൃത്തായ സനൂജിനെയും കൂട്ടി ഇരുവരും ബൈക്കിൽ പന്തളം മാർക്കറ്റ് ജങ്‌ഷനിൽ എത്തി. തുടർന്ന് ഒന്നാംപ്രതി സനൂജ് കെഎസ്ആർടിസി ബസിനു കല്ലെറിയുകയായിരുന്നു.
റമീസ് റസാഖ് സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇരുവരെയും ഞായറാഴ്‌ച(ഒക്‌ടോബര്‍ രണ്ട്) കോടതിയിൽ ഹാജരാക്കും. കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രനാണ് കല്ലേറിൽ ചില്ല് തകർന്ന് വീണ് കണ്ണിന് പരിക്ക് പറ്റിയത്.