പത്തനംതിട്ട : മല്ലപ്പള്ളിയിൽ നടന്ന പാർട്ടി പരിപാടിയിൽ ഭരണഘടനയെ അധിക്ഷേപിച്ചു പ്രസംഗിച്ച മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎൽഎയ്ക്കെതിരെ എടുത്ത കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്നാരോപിച്ചു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ പൊലീസ് കേസെടുത്ത് 73 ദിവസം ആയിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. സജി ചെറിയാനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.
അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനും അഭിഭാഷകനുമായ ബൈജു നോയല്‍. കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിച്ചത്. പരിപാടി കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാണ് വിവാദ പ്രസംഗം ഉൾപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
സജി ചെറിയാനെതിരെ ചുമത്തിയത് ജാമ്യമില്ല വകുപ്പ്: ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ വിവാദമായി. തുടർന്ന് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജീവയ്ക്കുകയായിരുന്നു. പ്രസംഗം വിവാദം ആയതിന് പിന്നാലെ കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് രേഷ്‌മ ശശിധരന്‍ കീഴ്വായ്‌പൂര്‍ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ടിലെ രണ്ടാം വകുപ്പ് പ്രകാരം സജി ചെറിയാന്‍ എംഎല്‍എക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കേസില്‍ പിന്നീടുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങി. രണ്ടു മാസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടും പ്രതിയാക്കപ്പെട്ട ആളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.
പ്രസംഗത്തിന്‍റെ പൂര്‍ണ വീഡിയോ കിട്ടിയിട്ടില്ലെന്ന് പൊലീസ്: പരിപാടിയുടെ സംഘാടകരുടെയും അന്ന് വേദിയിലുണ്ടായിരുന്ന എംഎല്‍എംമാരുടെയും മൊഴി മാത്രമാണ് ഇതു വരെ രേഖപ്പെടുത്തിയിട്ടുള്ളത്. കേസ് അന്വേഷണത്തിന്‍റെ തുടക്കത്തിൽ സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പൂർണമായ വീഡിയോ കിട്ടിയിട്ടില്ല എന്നായിരുന്നു പൊലീസ് നിലപാട്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസ് തുടക്കത്തിലേ കാണിക്കുന്നതെന്ന്ചൂണ്ടികാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ ബിജെപി നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തു വിട്ടതോടെ വീഡിയോ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞോഴിയാൻ പൊലീസിന് കഴിയാതെ വന്നു. എന്നാൽ ഇപ്പോൾ തെളിവുകൾ കിട്ടിയിട്ടും കേസിൽ പൊലീസ് മെല്ലെപ്പോക്ക് നയം തുടരുകയാണെന്നാണ് ആരോപണം. മന്ത്രി സഭ അഴിച്ചുപണിയിൽ സജി ചെറിയാൻ കൈകാര്യം ചെയ്‌തുകൊണ്ടിരുന്ന വകുപ്പുകൾ പല മന്ത്രിമാർക്കായി വീതിച്ചു നൽകിയതല്ലാതെ മറ്റൊരു മന്ത്രിയെ നിയമിച്ചിട്ടില്ല എന്നതും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും തമ്മിൽ കൂട്ടി വായിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകർ. മന്ത്രിയെ രക്ഷിച്ചെടുക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റ ഭാഗമായാണോ അന്വേഷണത്തിലെ മെല്ലെപ്പോക്കെന്നും ആരോപണമുയരുന്നുണ്ട്.