തിരുവല്ല: ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദേശിച്ചിരുന്നയാളുടെ വീടും വാഹനങ്ങളും തല്ലിത്തകർത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ. കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശ്ശേരിയിൽ വീട്ടിൽ പി.കെ. സുകുമാരന്‍റെ വീടും വാഹനങ്ങളും അടിച്ചു തകർത്ത കേസിലെ പ്രതികളായ സിപിഎം ബ്രാഞ്ച് സെക്രട്ടറി സാബു ഉൾപ്പടെ 15 പേരാണ് ഒളിവിൽ പോയിരിക്കുന്നത്. 27-ാം തീയതി രാത്രി പത്തരയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ തകർന്നു വീണ ജനലിന്‍റെ ചില്ല് തുളഞ്ഞു കയറി സുകുമാരന്‍റെ ചെറുമകൻ ശ്രാവണിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സ്വന്തം വസ്‌തുവിൽ മതിൽ നിർമ്മിക്കുന്നതിനെതിരെ പ്രദേശിക സിപിഎം നേതൃത്വം ഭീഷണിയുമായി രംഗത്തെത്തുകയും തുടർന്ന് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സുകുമാരൻ ഹൈക്കോടതിയെ സമീപിപ്പിക്കുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം തിരുവല്ല പൊലീസിന്‍റെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്‌ച മതിൽ കെട്ടിയതിന് പിന്നാലെയാണ് സുകുമാരന്‍റെ വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടത്. ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഡിവൈഎസ്‌പി ടി രാജപ്പൻ പറഞ്ഞു.