പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ പത്തനംതിട്ട ജില്ല ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 99.71 ശതമാനം വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 99.34 ആയിരുന്നു വിജയശതമാനം. ഈ വര്‍ഷം 10,417 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 10387 വിദ്യാര്‍ഥികളും വിജയിച്ചു. കഴിഞ്ഞ വര്‍ഷം 10852 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 10780 പേരാണു വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഉന്നത പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത കുട്ടികളുടെ എണ്ണം 72 ആയിരുന്നത് ഈ വര്‍ഷം 30 ആയി കുറക്കാനും കഴിഞ്ഞു.
ജില്ലയില്‍ 1019 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 691 പേരും പെണ്‍കുട്ടികളാണ്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 39 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ജില്ലയിലെ 168 സ്കൂളുകളില്‍ 145 എണ്ണവും നൂറ് ശതമാനം വിജയം നേടി. 51 സര്‍ക്കാര്‍ സ്കൂളുകളില്‍ 41 എണ്ണത്തിനും 112 എയ്‌ഡഡ് സ്കൂളുകളില്‍ 97 എണ്ണത്തിനും സമ്പൂര്‍ണ വിജയമുണ്ട്. ഏഴ് അണ്‍ എയ്‌ഡ്‌ഡ് വിദ്യാലയങ്ങളും ഈ പട്ടികയിലുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ എം.ജി.എം സ്‌കൂളില്‍ 350 പേരില്‍ ഒരാള്‍ പരീക്ഷയെഴുതിയില്ല. ഇതുമൂലം 100 ശതമാനം വിജയം നഷ്ടമായി. രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ഥി സ്വദേശത്തേക്ക് മടങ്ങിയതിനാല്‍ അവസാന മൂന്ന് പരീക്ഷകള്‍ എഴുതിയിരുന്നില്ല. ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചായലോട്(4) ജി.എച്ച്.എസ് അഴിയിടത്തുചിറ (3) എന്നിവിടങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു.