പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചു. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം സർക്കാരിന്‍റെ നിർദേശപ്രകാരം നിരത്തിലിറങ്ങിയ സ്വകാര്യ ബസുടമകളോട് വഞ്ചനാപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് സർവ്വീസുകൾ നിർത്തിവെച്ചത്. അടിയന്തരമായി ഡീസൽ നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകാത്തതും ബസുടമകളുടെ പ്രതിഷേധത്തിന് വഴിവച്ചു.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ഉണ്ടായതിനാൽ നിരത്തിലിറങ്ങിയ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്‌ടപെട്ടിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കാൻ യാത്രക്കാർ തയ്യാറാകുന്നില്ലെന്നും സംസ്ഥാന പ്രൈവറ്റ് ബസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സി. മനോജ് കുമാർ വ്യക്തമാക്കി. താൽക്കാലികമായി ബസ് ചാർജ് വർധന അംഗീകരിച്ചതോടെയാണ് ഒരു വിഭാഗം ബസുകൾ മേയ് അവസാന വാരം സർവീസ് നടത്തിയത്. എന്നാൽ, എല്ലാ സീറ്റിലുമിരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർ താൽപര്യപ്പെടുന്നില്ല. വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ് ബസുകൾ സർവീസ് നടത്തുന്നത്.