പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാം തുറക്കാൻ സാധ്യത. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 190.80 മീറ്റര്‍ ആണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യുമെക്ക്സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും.
ഒഴുക്കിവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 50 സെ.മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ടു മണിക്കൂറിന് ശേഷം എത്തും. ഇതിനാല്‍ കക്കാട്ടാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ വായനക്ക്: അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം