പത്തനംതിട്ട: വന്യമൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും പേടിച്ച് ജീവിക്കുകയാണ് പത്തനംതിട്ടയിലെ ആദിവാസി വിഭാഗമായ മല പണ്ടാരങ്ങൾ. ഇവർക്ക് അത്യന്തം ദുസ്സഹമാണ് ഈ കൊവിഡ് കാലം.വനവിഭവങ്ങൾ വിൽപന നടത്തിയിരുന്ന ഇക്കൂട്ടർക്ക് കൊവിഡ് തിരിച്ചടിയായി. ഇപ്പോൾ കൃത്യമായി ആഹാരമോ വസ്ത്രമോ, രോഗം വന്നാൽ പരിചരണമോ ലഭിക്കാതെ, കൊവിഡിനെയും രോഗവാഹകരാകുന്ന മനുഷ്യരെയും ഭയന്നാണ് മല പണ്ടാരങ്ങളുടെ ജീവിതം. കൊവിഡ് കാലത്ത് മറ്റ് രോഗങ്ങൾ ബാധിച്ചാലും ദുരിതം തന്നെയാണ് അവസ്ഥ.
ശബരിമലയിലേയ്ക്കുള്ള വഴിയിൽ വനത്തിലാണ് ഇവർ താമസിക്കുന്നത്.വടശേരിക്കര-ളാഹ കഴിഞ്ഞാൽ റോഡരികിൽ ഇവരെ കാണാം. ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയ ഷെഡുകളിലാണ് താമസം. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുണ്ട് ഇവിടെ.