പത്തനംതിട്ട: മനുഷ്യൻ ജീവിതം തുന്നിച്ചേർക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഹാമാരിയായി കൊവിഡ് എത്തിയത്. പ്രതിസന്ധികൾ മാത്രം സമ്മാനിച്ച കൊവിഡ് കാലത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ലോകം. പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഗാന്ധി സ്മാരക നിധി കേന്ദ്രത്തിലെ നെയ്ത്ത് ശാലയില്‍ ജിവിതത്തിന്‍റെ നൂലിഴ ചേർത്തുപിടിക്കുകയായിരുന്നു ശ്യാമളയും കൂട്ടുകാരും. അതിനിടെയിലാണ് കൊവിഡ് എത്തിയത്. അതോടെ നെയ്ത്ത് കേന്ദ്രം അടച്ചു. സാമൂഹിക അകലം പാലിച്ച്, ചർക്ക വീടുകളില്‍ കൊണ്ടുപോയാണ് ഇപ്പോൾ നൂല്‍ നൂല്‍ക്കുന്നത്. പക്ഷേ വീടുകളിലെ പരിമിതികൾ ജോലിയെ ബാധിക്കുന്നുണ്ട്.
15 സ്ത്രീകളാണ് ഗാന്ധി സ്മാരക നിധി കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ മികച്ച വില്‍പ്പന നടന്നിരുന്നു. ഗാന്ധി സ്മാരക നിധി കേന്ദ്രത്തില്‍ മാത്രം നെയ്‌തെടുക്കുന്ന കുപ്പടം ബ്രാൻഡ് മുണ്ടിന് എന്നും ആവശ്യക്കാരുണ്ട്. ഇനി പ്രതീക്ഷ ഓണ വിപണിയിലാണ്. കൊവിഡ് കാലത്തെ അതിജീവിച്ച് ജീവിതം നെയ്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ശ്യാമളയും സുഹൃത്തുക്കളും.