പത്തനംതിട്ട: പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള യുവതിക്ക് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയില്‍. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ തിരുവനന്തപുരം ശ്രീകാര്യം ചെറുകുന്ന സ്വദേശിയായ വിഷ്‌ണുവാണ് (29) ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. സൺഫാർമയുടെ മരുന്നുകളുടെ വിതരണം തരപ്പെടുത്തികൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
മെഴുവേലി ആലക്കോട് രമ്യാഭവനിൽ എംഎൻ പുഷ്‌പാംഗദന്‍റെ മകൾ രമ്യയാണ് (34) കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വർഷം മെയ് 25 മുതൽ ജൂൺ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇലവുംതിട്ടയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള രമ്യയുടെ അക്കൗണ്ടിൽ നിന്നും, പ്രതിയുടെ ബാങ്ക് ഓഫ് ഇന്ത്യയുടെ (BOI) അക്കൗണ്ടിലേക്ക് 1,68,000 രൂപ പല തവണയായി അയച്ചുകൊടുക്കുകയായിരുന്നു. ജോലി തരപ്പെടുത്തി കൊടുക്കുകയോ, വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ പ്രതി വിശ്വാസ വഞ്ചന കാട്ടിയെന്നതാണ് കേസ്.
അറസ്റ്റ് മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ: ഈമാസം 21ന് രമ്യ ഇലവുംതിട്ട സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും മറ്റ് പ്രാഥമിക അന്വേഷണങ്ങൾ നടത്തുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിലുള്ള യുവതിക്ക് ഫാർമസിസ്റ്റ് ജോലി നല്‍കാതെ പ്രതി കബളിപ്പിച്ചതായി വ്യക്തമായി. പ്രതി, എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിശ്വാസവഞ്ചന കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് കാക്കനാട് ജില്ല ജയിലിലും തുടര്‍ന്ന് ഇടുക്കി ജില്ല ജയിലിലും കഴിഞ്ഞ് വരികയായിരുന്നു.
ഈ വിവരം മനസിലാക്കിയ പൊലീസ് അവിടെയെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്‍റ് അപേക്ഷ നൽകിയിരുന്നു. ശേഷം, ഇന്ന് വാറന്‍റ് ഉത്തരവായി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത ശേഷം അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് പൊലീസ് നീക്കം. വിഷ്‌ണു തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ കേസിന് പുറമെ, ആലപ്പുഴ അർത്തുങ്കൽ, തൃശൂർ ചേലക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിശ്വാസ വഞ്ചനാകേസുകളിൽ പ്രതിയാണ്. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്‌ടര്‍ വിനോദ് കൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് കേസിന്‍റെ അന്വേഷണം നടക്കുന്നത്.
ആര്‍മിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി, 24കാരി പിടിയില്‍: ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റിലായ വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. സനാതനപുരം സ്വദേശിയായ പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോളാണ് (24) അറസ്റ്റിലായത്. ജൂലൈ 27നാണ് ശ്രുതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
READ MORE | Job Fraud Case| ആര്‍മിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍
ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതില്‍ സംശയം തോന്നിയ തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രുതി പിടിയിലായത്. ജോലി വാഗ്‌ദാനം ചെയ്‌ത് നാട്ടില്‍ വച്ച് ആദ്യ ഗഡുവെന്ന നിലയില്‍ പണം തട്ടുന്ന ശ്രുതി രണ്ടാം ഗഡു നല്‍കാന്‍ ഡല്‍ഹിയിലെത്താന്‍ ഇരയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പ് വ്യക്തമായതും പ്രതി പിടിയിലായതും.