പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗത്തിനു സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എഎല്‍ ഷീജ അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗവ്യാപനവും മരണങ്ങളും പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും രോഗവ്യാപന സാധ്യത വര്‍ധിക്കാന്‍ ഇടയാക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കാനും നിര്‍ദേശിച്ചു.
പനി, ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ, ശരീരവേദന എന്നിവയുളളവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്. ജാഥകളും, പൊതുയോഗങ്ങളും കര്‍ശനമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ നടത്താവൂ. ക്വാറന്‍റൈനിലുളള വീടുകളിലും, കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുളള വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് പരിശോധനാ സംവിധാനങ്ങളും വാക്സിനേഷന്‍ സൗകര്യങ്ങളും എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണം. കൊവിഡ് രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്കായി സ്വയം മുന്നോട്ടു വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല, മുനിസിപ്പാലിറ്റികളിലും കോന്നി, തണ്ണിത്തോട്, പ്രമാടം, റാന്നി പഴവങ്ങാടി, പളളിക്കല്‍ പഞ്ചായത്തുകളിലും കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കൂടുതലാണ്. തണ്ണിത്തോട്, നാറാണംമൂഴി, റാന്നി, പഴവങ്ങാടി, പെരിങ്ങര, കൊറ്റനാട്, പന്തളം, തെക്കേക്കര, പ്രമാടം, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നും മുകളിലാണ്.