പത്തനംതിട്ട: നഗരസഭയിൽ മാലിന്യ സംസ്‌കരണവും ശേഖരണവും നിർത്തിവച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികളുടെ സമരം. നഗരസഭ ഓഫീസിന് മുമ്പിലാണ് ശുചീകരണ തൊഴിലാളികൾ പ്രതിഷേധിച്ചത്. സമരത്തിന്‍റെ ഭാഗമായി വ്യാപാരി വ്യവസായി ഫെഡറേഷന്റെ നേതൃത്വത്തിൽ നഗരസഭ അധ്യക്ഷയെ ഓഫീസിനുള്ളിൽ തടഞ്ഞുവച്ചു.
പത്തനംതിട്ട നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിന്‍റെയും ശേഖരണത്തിന്‍റെയും ചുമതല സ്വകാര്യ ഏജൻസിയെയാണ് ഏൽപ്പിച്ചിരുന്നത്. ഏജൻസിയുമായുള്ള കരാർ അടുത്തിടെ നഗരസഭ റദ്ദ് ചെയ്തിരുന്നു. ഈ മാസം 15 മുതൽ നഗരത്തിലെ മാലിന്യ ശേഖരണം നിർത്തി വച്ച് നഗരസഭ അറിയിപ്പും ഇറക്കി. ഈ സാഹചര്യത്തിലാണ് ജോലി നഷ്ടമായ അറുപത്തി അഞ്ചോളം വരുന്ന ശുചീകരണ തൊഴിലാളികൾ നഗരസഭ ഓഫീസിന് മുമ്പിൽ സമരം നടത്തിയത്. നഗരസഭ തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് തൊഴിലാളികളും വ്യാപാരികളും അറിയിച്ചു.