പത്തനംതിട്ട: എംജി സര്‍വകലാശാല കലോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫ്ലാഷ് മോബില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവട് വച്ചതോടെയാണ് പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന കലക്‌ടറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചാരം നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കലോത്സവ വേദിയില്‍ ലളിത ഗാനം ആലപിച്ച് കൈയടി നേടുകയാണ് പത്തനംതിട്ടയുടെ സ്വന്തം കലക്‌ടര്‍.
പത്തനംതിട്ട ജില്ല റവന്യൂ കലോത്സവത്തിന്‍റെ കലാമത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പത്തനംതിട്ട സുബല പാര്‍ക്കില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് കലക്‌ടർ ലളിത ഗാനം ആലപിച്ച് സദസിനെ കൈയിലെടുത്തത്. ആശംസ പ്രസംഗത്തിനിടയില്‍, ജില്ല ലോ ഓഫിസര്‍ ശ്രീകേഷ് ചെറുപ്പത്തില്‍ ആകാശവാണിയില്‍ കേട്ട ഒരു ലളിതഗാനത്തെ കുറിച്ച് പരാമര്‍ശിച്ചു.
അധികമാര്‍ക്കും അറിയാത്ത പാട്ടാണിതെന്നും യൂട്യൂബില്‍ പോലും പാട്ട് ലഭ്യമല്ലെന്നും ഓഫിസര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ദിവ്യ എസ് അയ്യർ 'താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തില്‍ വന്ന കാറ്റേ....'എന്ന് തുടങ്ങുന്ന ലളിതഗാനം പാടിയത്. ഔദ്യോഗിക തസ്‌തികകളുടെ ഭാരമില്ലാതെ കലാ ആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും കലക്‌ടര്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.