പത്തനംതിട്ട: കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്നതിനിടെ പത്തനംതിട്ടയില്‍ സ്രവ പരിശോധനകളുടെ ഫലം വൈകുന്നത് ആശങ്ക ഉയർത്തുന്നു. ആർടിപിസിആർ പരിശോധനയ്ക്കുള്ള മെഷീനുകൾ ജില്ലയില്‍ എത്താതതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2315 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലാണ് ജില്ലയിലെ സ്രവ പരിശോധന നടത്തുന്നത്. നേരത്തെ 48 മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്ന ഫലം ഇപ്പോൾ ദിവസങ്ങളോളം വൈകുകയാണ്. കൂടുതൽ പേരിലേക്ക് പരിശോധന വ്യാപിപ്പിച്ചതാണ് ഫലം വൈകുന്നതിന് കാരണമെന്ന് ഡിഎംഒ എ.എൽ ഷീജ പറഞ്ഞു.
പരിശോധന ഫലം വൈകുന്നത് നിരീക്ഷണത്തിൽ കഴിയുന്നവരെയും മാനസികമായി സമ്മർദത്തിലാക്കുന്നു. ആർടിപിസിആർ പരിശോധയ്ക്കുള്ള സംവിധാനം കോഴഞ്ചേരി പബ്ലിക് ഹെൽത്ത് ലാബിൽ ഇത് വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇവിടേക്കുള്ള എല്ലാ മെഷീനുകളും എത്താൻ വൈകുന്നതാണ് പരിശോധന തുടങ്ങുന്നതിന് തടസമായിരിക്കുന്നത്.