പത്തനംതിട്ട : സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗം ഉൾപ്പെടുന്ന ദൃശ്യങ്ങൾ കോടതിയെ ഏൽപ്പിക്കാന്‍ തയ്യാറെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കേണ്ടി വരും. ഇത് മനസിലാക്കിയതുകൊണ്ടാണ് പൊലീസും സി.പി.എമ്മും വീഡിയോ കോടതിക്ക് കൈമാറാത്തതെന്നും സുധീർ ആരോപിച്ചു.
മുന്‍ മന്ത്രി നടത്തിയ വിവാദ പ്രസംഗം കൈയ്യിലില്ലെന്ന നിലപാടിലാണ് സി.പി.എം മല്ലപ്പള്ളി ഏരിയ നേതൃത്വം. പ്രസംഗത്തിന്‍റെ പൂര്‍ണരൂപം ആരുതന്നാലും തെളിവായി സ്വീകരിക്കുമെന്ന് അന്വേഷണംസംഘം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പി സുധീർ രംഗത്തെത്തിയത്. കോടതി, പ്രസംഗത്തിന്‍റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് നൽകാത്തത് ഗൗരവതരമാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
'എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കണം': ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിന് തുല്യമായ പ്രവര്‍ത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സി.പി.എം. രണ്ട് മണിക്കൂർ 29 മിനിട്ടുള്ള മുഴുവൻ വീഡിയോയും ബി.ജെ.പിയുടെ പക്കലുണ്ട്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എം.എൽ.എ സ്ഥാനം രാജിവയ്‌ക്കണമെന്നും സുധീർ പറഞ്ഞു.
മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതും തുടർന്ന് വിവാദമായപ്പോൾ മന്ത്രി സ്ഥാനം രാജിവച്ചതും. ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്‌തിരുന്ന ദൃശ്യങ്ങള്‍ വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. സജി ചെറിയാന്‍ ഭരണഘടനയെ നിന്ദിച്ചെന്ന കേസില്‍ നിര്‍ണായക തെളിവാകുന്നത് മല്ലപ്പള്ളി ഏരിയ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണ്. എന്നാല്‍, പൊലീസിന്‍റെ കൈയ്യില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യമാണ്.
കൈമലര്‍ത്തി ഏരിയ സെക്രട്ടറി, വലഞ്ഞ് പൊലീസ്: വിചാരണാഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കാന്‍ പോകുന്നത് ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്. അതിനാലാണ്, അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍തന്നെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം കണ്ടെടുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് സി.പി.എം മല്ലപ്പള്ളിഏരിയ നേതൃത്വവുമായി പൊലീസ് ഇതുസംബന്ധിച്ച് കാര്യങ്ങൾ ആരാഞ്ഞത്. എന്നാല്‍, തങ്ങളുടെ കൈവശം പ്രസംഗത്തിന്‍റെ പൂർണമായ ദൃശ്യങ്ങൾ ഇല്ലെന്ന് ഏരിയ സെക്രട്ടറി അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.
ALSO READ| ഭരണഘടനാവിരുദ്ധ പ്രസംഗം : സജി ചെറിയാനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്
ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്‌തിരുന്ന വീഡിയോ, സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്‌തിരുന്നു. അങ്ങനെ, തങ്ങളുടെ കൈവശമുണ്ടായിരുന്ന വീഡിയോ പൂര്‍ണമായും ലഭ്യമല്ലാതായി എന്നാണ് ഏരിയ നേതൃത്വതിന്‍റെ വിശദീകരണം. അതിനിടെ, ഫേസ്‌ബുക്ക് അക്കൗണ്ടില്‍നിന്ന് വീഡിയോ നീക്കം ചെയ്‌താലും അത് വീണ്ടെടുക്കാകുമെന്ന വിവരം സൈബര്‍ വിദഗ്‌ധര്‍ മുന്നോട്ടുവച്ചു. പൂർണ ദൃശ്യങ്ങൾ കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും പൊലീസ് തേടും.