പത്തനംതിട്ട: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനിടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ ഓക്സിജന്‍ ക്ഷാമം ആശങ്കയുണർത്തുന്നു. ആശുപത്രിയിൽ ഓക്സിജൻ തീർന്നതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഓക്സിജൻ എത്തിച്ച് പ്രതിസന്ധി തരണം ചെയ്തു. ആറ് സിലിണ്ടർ ഓക്സിജനാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും എത്തിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ കാര്യമായ കുറവുണ്ടായതാണ് ഓക്സിജന്‍ ക്ഷാമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഊർജിത നടപടികൾ സ്വീകരിച്ചു വരുന്നു.